Friday 5 April 2013

പ്രിയപ്പെട്ട ആമിക്ക്...


പ്രിയപ്പെട്ട ആമിക്ക്



1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ പ്രകൃതിയും ഏകാന്തതയും കുട്ടിയായ കമലയുടെ ചിന്തകളില്‍ കൂടുകൂട്ടി.
പ്രശസ്തരായ അച്ഛനും അമ്മയും. അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ.അച്ഛന്‍ മാതൃഭൂമിയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായര്‍. എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവന്‍.മലയാളത്തിന്റെ ഏറ്റവും മികച്ച എഴുത്തുകാരിയെ സൃഷ്ടിച്ചതില്‍ കുട്ടിക്കാലം മുതല്‍ക്കേയുള്ള യാത്രകളും നാലപ്പാട്ടെ പ്രകൃതിയും പ്രചോദനമായിട്ടുണ്ട് എന്നതില്‍ സംശയമില്ല.
കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം. നിര്‍ഭയത്വമായിരുന്നു കമലയുടെ രചനകളുടെ രാസത്വരകം. എന്നാല്‍ ഈ നിര്‍ഭയത്വം തന്റെ രചനകളിലൂടെ വിപ്ലാത്മകമായി അവതരിപ്പിക്കപ്പെടുമ്പോഴും വ്യക്തിജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും സങ്കടപ്പെടുന്ന കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു കമല സുരയ്യ എന്ന മാധവിക്കുട്ടിക്ക്.
ജീവിതത്തില്‍ ഉടനീളം വാക്കുകളിലൂടെയും അഭിമുഖങ്ങളിലും ചിലപ്പോഴൊക്കെ എഴുത്തുകളിലും അവ പുറത്തുവന്നു. അപരിചിതരുടെ പരിഹാസങ്ങളെ ദ്വേഷങ്ങളെ ചൂണ്ടിക്കാട്ടി അവര്‍ സങ്കടപ്പെട്ടു. അപ്പോഴും ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരില്‍ എഴുതിയ കവിതകളിലൂടെയും മലയാളത്തില്‍ മാധവിക്കുട്ടിയെന്ന പേരില്‍ എഴുതിയ കഥകളിലൂടെയും അവര്‍ വായനാലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.
പ്രായം കൊണ്ട് തന്നേക്കാള്‍ ഏറെ അകലമുള്ള മാധവദാസിനെയാണ് കമല വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് എം ഡി നാലപ്പാട്ട്, ചിന്നന്‍, ജയസൂര്യ. ആത്മകഥാപരമായ രചനായായ 'എന്റെ കഥ' മലയാളത്തിന്റെ ബോധമണ്ഡലത്തെ വിസ്മയിപ്പിച്ചു.
എന്നാല്‍ യാഥാസ്ഥിതിക സമൂഹത്തെ അത് ഏറെ ചൊടിപ്പിക്കുകയും ചെയ്തു.ഭര്‍ത്താവ് മാധവദാസിനോടുള്ള സ്‌നേഹമാണ് മാധവിക്കുട്ടി എന്ന പേരില്‍ എഴുതാന്‍ കമലയെ പ്രേരിപ്പിച്ചത്. എഴുത്തിലും ജീവിതത്തിലും വിസ്മയങ്ങള്‍ക്കൊപ്പം വിവാദങ്ങളും കമലയെ സുരയ്യയ്‌ക്കൊപ്പം നിറഞ്ഞുനിന്നു.
ഒടുവില്‍ കൊച്ചിയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയില്‍ പോലും അവര്‍ വാര്‍ത്തകളില്‍ സജീവശ്രദ്ധ നേടി. സ്ത്രീവിമോചനത്തെ പ്രത്യയശാസ്ത്രപരമായി വ്യഖ്യാനിക്കാതെ തന്നെ യഥാര്‍ത്ഥ വിമോചനത്തെ എഴുത്തിലൂടെ വരച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞു.
മൂന്നു നോവലുകള്‍ ,ഭയം എന്റെ നിശാവസ്ത്രം,എന്റെ സ്‌നേഹിത,അരുണ,ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ , എന്റെ കഥ (ഇംഗ്ലീഷ് അടക്കം (മൈ സ്‌റ്റോറി) 15ഭാഷകളിലേക്ക് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടു), ബാല്യകാല സ്മരണകള്‍ , വര്‍ഷങ്ങള്‍ക്കു മുന്‍പ്,ഡയറിക്കുറിപ്പുകള്‍,നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങള്‍ , മനോമി, വീണ്ടും ചില കഥകള്‍ , ഒറ്റയടിപ്പാത,എന്റെ കഥകള്‍ ,കവാടം, യാ അല്ലാഹ്,മാധവിക്കുട്ടി കൃതികള്‍ സമ്പൂര്‍ണ്ണം- വോള്യം 1,2,വണ്ടിക്കാളകള്‍ തുടങ്ങിയവയാണ് മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയ പ്രധാനകൃതികള്‍ .
വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം,സാഹിത്യ അക്കാദമി പുരസ്‌കാരം, ആശാന്‍ വേള്‍ഡ്പ്രൈസ, ഏഷ്യന്‍ പോയട്രി പ്രൈസ്‌ , കെന്റ് അവാര്‍ഡ് തുടങ്ങിയ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങളും അവരെ തേടിവന്നു.
മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ വിടവാങ്ങലോടെ നഷ്ടമായത്‌ മലയാളത്തിന് മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിലെ ലോകനിലവാരത്തിന് കൂടിയാണ്.

0 comments:

Post a Comment