Friday, 11 October 2013

ശിലായുഗം


ശിലായുഗം

 

(മാധവികുട്ടി)


പ്രിയപ്പെട്ടവനെ,
നീ എന്‍റെ മനസ്സിലെ പൌരാണികവാസി.
വിഭ്രാന്തികളുടെ വലകള്‍ നെയ്യുന്ന ഒരു തടിച്ച ചിലന്തി
നീ എന്നോട് കരുണാമയനാകൂ
നിയെന്നെ ശിലയുടെ ഒരു പക്ഷിയാക്കിത്തീര്‍ക്കുക
കൃഷ്ണശിലയുടെ ഒരു മാടപ്പിറാവ്.
എനിക്കു ചുറ്റും നീ വൃത്തിഹീനമായ
ഒരു സ്വീകരണമുറി തീര്‍ത്തു.
നീ വായിച്ചിരിക്കുമ്പോള്‍ നീയറിയാതെതന്നെ
എന്‍റെ കുഴിഞ്ഞ മുഖത്തു തടവിക്കൊണ്ടിരുന്നു.
നീ എന്‍റെ പുലര്‍ച്ചയുറക്കത്തെ മുറിപ്പെടുത്തി,
സ്വപ്നം കാണുന്ന എന്‍റെ കണ്ണിനെ
നീ ഒരു വിരല്‍കൊണ്ട് അടച്ചുപിടിച്ചു.
എന്നിരിക്കിലും
എന്‍റെ പകല്‍സ്വപ്നങ്ങളില്‍
ബലിഷ്ഠരായ പുരുഷന്മാര്‍ നിഴല്‍ വീഴ്ത്തി.
എന്‍റെ ദ്രാവിഡ രക്തത്തിന്‍റെ തിളച്ചുപൊങ്ങലില്‍
വെളുത്ത സൂര്യന്മാരെപ്പോലെ
അവര്‍ ആഴ്ന്നാഴ്ന്നുപോവുന്നു.
വിശുദ്ധ നഗരങ്ങള്‍ക്കിടയിലൂടെ
അഴുക്കുചാലുകള്‍ രഹസ്യമായൊഴുകുന്നു
നീ വേര്‍പ്പിരിയുമ്പോള്‍
ശ്യാമസമുദ്രത്തിന്‍റെ കരയിലൂടെ
ഞാന്‍ നീലവര്‍ണ്ണമുള്ള കാറോടിക്കുന്നു
അപരന്‍റെ വാതില്‍ മുട്ടുവാന്‍
ഞാന്‍
ശബ്ദമുഖരിതമായ നാല്‍പതു പടവുകള്‍ ഓടിക്കയറി
കിളിവാതിലൂടെ അയല്‍ക്കാര്‍ ശ്രദ്ധിക്കുന്നു.
ഒരു ചാറ്റല്‍ മഴപോലെ
ഞാന്‍ വന്നു പോകുന്നത്.
എന്നോട് ചോദിക്കൂ,
നിങ്ങളോരോരുത്തരും എന്നോട് ചോദിക്കൂ.
അയാളെന്നില്‍ കാണുന്നതെന്താണ്?
എന്തുകൊണ്ടയാളെ സിംഹമെന്നു വിളിക്കുന്നു
വിടനെന്നു വിളിക്കുന്നു?
അയാളുടെ അധരങ്ങളുടെ രുചി എന്താണ്?
എന്‍റെ ഗുഹ്യഭാഗത്ത് അമര്‍ത്തിപ്പിടിക്കുമ്പോള്‍
അയാളുടെ കൈകള്‍
പാമ്പിന്‍റെ ആടുന്ന പത്തിപോലെ
ഉലയുന്നതെന്തിനാണ്?
വെട്ടി വീഴ്ത്തിയ ഒരു മഹാവൃക്ഷംപോലെ
അയാള്‍ എന്‍റെ മാറില്‍
മയങ്ങി വീണുറങ്ങുന്നതെന്താണ്?
എന്നോട് ചോദിക്കൂ.
ജീവിതം ഹ്രസ്വവും
പ്രണയം അതിനേക്കാള്‍ ഹ്രസ്വവുമായിരിക്കുന്നതെന്താണ്?
എന്താണ് ആഹ്ലാദമെന്നും
എന്താണതിന്‍റെ വിലയെന്നും
എന്നോട് ചോദിക്കൂ.


ഞാന്‍ പാപിയാണ്
വിശുദ്ധയാണ്
വഞ്ചിക്കപ്പെട്ടവളാണ്

നിങ്ങളുടേതല്ലാത്ത ആഹ്ലാദങ്ങള്‍
എനിക്കില്ല
നിങ്ങളുടേതല്ലാത്ത വേദനകളുമില്ല

ഞാന്‍പോലും എന്നെ 'ഞാന്‍' എന്നു വിളിക്കുന്നു.
അവിടെയല്ലാത്ത
ഇവിടെയുള്ള
ഒരു മനസ്സിന്റെ ഭാഷണം
കൊടുങ്കാറ്റിലെ മരങ്ങളുടേയോ
കാലവര്‍ഷ മേഘങ്ങളുടേയോ
മഴയുടേയോ
അന്ധവും ബധിരവുമായ സംസാരമല്ല
അല്ലെങ്കില്‍
ചിതയില്‍ ജ്വലിക്കുന്ന അഗ്നിയുടെ
അസംബന്ധമായ പിറുപിറുക്കലുമല്ല.
ഒരിക്കലും അതിവൈകാരികമാകരുത്
അതിവൈകാരികത മാത്രമാണ്
ആഹ്ലാദത്തിന്റെ യഥാര്‍ത്ഥ ശത്രു.
ഞാന്‍ വഴി തെറ്റിപ്പോയവള്‍
സ്‌നേഹം ലഭിക്കുവാന്‍
അപരിചിതരുടെ വാതിലുകളില്‍
യാചിക്കുന്നു.

പ്രേമത്തിന് എവിടെ ഇടം?
പ്രേമത്തിന് എവിടെ മാപ്പ്?
പ്രേമത്തിന് എവിടെ ആവശ്യം?

എന്നെ സംബന്ധിച്ചിടത്തോളം
പ്രശ്‌നമാകുന്ന ഏക സത്യം
മറ്റുള്ളവര്‍ക്ക് നല്കാനുള്ള
എന്റെ സ്‌നേഹം മാത്രമാണ്.
അപ്പോള്‍ പ്രണയം
ഒരു പ്രഭാകേന്ദ്രം
നിമിഷത്തെ പ്രഭാമയമാക്കുന്നു

എന്നോട് ചോദിക്കൂ
ജീവിതം ഹ്രസ്വവും
പ്രണയം അതിനേക്കാള്‍ ഹ്രസ്വവുമായിരിക്കുന്നതെന്താണ്?
ഓരോ സത്യവും
അങ്ങനെ ഓരോ ചോദ്യത്തോടെ
അവസാനിക്കുന്നു.
ഇത്തരത്തില്‍ രൂപകല്പന ചെയ്ത ബാധിര്യമാണ്
നശ്വരമായതിനെ അനശ്വരമാക്കുന്നത്.
നിയതമായതിനെ അനിയതമാക്കുന്നത്
ചോദ്യങ്ങള്‍ ചോദിച്ച്
ഉത്തരങ്ങള്‍ വരുന്നതിന് മുമ്പെ
നീങ്ങിപ്പോകുന്നവര്‍ ഭാഗ്യവാന്മാരാണ്
സന്ദേഹങ്ങളാല്‍ മാന്തിക്കീറലുകളേല്‍ക്കാതെ
നീലനിശ്ശബ്ദതയില്‍ വസിക്കുന്ന സമര്‍ഥന്മാര്‍
ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥികളും
ദൂരെയെറിഞ്ഞു കളയരുത്
അവ കൂനകൂട്ടി വയ്ക്കുക.
അവ അവയുടെ ഗന്ധത്താല്‍ പറയട്ടെ
ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നെന്ന്,
അവസാനത്തില്‍
സ്‌നേഹത്തിന്റെ മാഹാത്മ്യമെന്തായിരുന്നെന്ന്.
ആരും കുരിശില്‍നിന്നിറങ്ങി വരില്ല.
അല്ലെങ്കില്‍,
നമ്മെ അവന്റെ മുറിവുകള്‍ കാണിച്ചു തരില്ല.
നിശ്ശബ്ദതയില്‍ നഷ്ടപ്പെട്ടുപോയ
ഒരു ദൈവവും
നമ്മോട് സംസാരിക്കുകയില്ല.
ഒരു നഷ്ടപ്രണയവും
നമ്മോട് അവകാശവാദമുന്നയിക്കുകയില്ല.
ഇല്ല, ഒരിക്കലും നാം വീണ്ടെടുക്കപ്പെടുകയില്ല.
അല്ലെങ്കില്‍ നവീകരിക്കപ്പെടുകയുമില്ല
ഇന്ന് ഞാനെന്റെ കണ്ണട
ഉപേക്ഷിച്ചു പോന്നു
ഇതൊരു അന്ധമായ നടത്തമായിത്തീരാന്‍
ഈ നടത്തം എന്റെ ജീവിതത്തെ
പ്രതീകവത്കരിക്കുവാന്‍!
ഞാനൊരു മനുഷ്യസ്ത്രീയായിരിക്കുന്നതുപോലെ
അത് മാനുഷികമാണ്,
മനസ്സിലാകുന്നില്ലേ?
അതെന്റെ ആഹ്ലാദങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും
പ്രതീക്ഷകള്‍ക്കും ശബ്ദം നല്കുന്നു,
കാക്കകള്‍ക്ക് കരച്ചില്‍പോലെ
അല്ലെങ്കില്‍
സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനംപോലെ
അതെന്നെ സഹായിക്കുന്നു,
അത് മനുഷ്യശബ്ദമാണ്.
അവിടെയല്ലാത്ത, ഇവിടെയുള്ള
മനസ്സിന്റെ ഭാഷണം.
കാണുകയും കേള്‍ക്കുകയും
ഗ്രഹിക്കുകയും ചെയ്യുന്ന
ഒരു മനസ്സിന്റെ ഭാഷണം.


0 comments:

Post a Comment