Friday, 11 October 2013

പരീക്ഷണം

(മാധവികുട്ടി)


യാ അല്ലാഹ്!
പുലര്‍ക്കാല വെയിലില്‍
വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന
പെണ്‍കുട്ടിയായിരുന്നു ഞാന്‍.
എന്നെ പരീക്ഷണങ്ങള്‍ക്ക്
വിധേയയാക്കിയത് നീയാണ്,
മരുഭൂവിന്റെ ക്രൌര്യതകള്‍
ഞാന്‍ അനുഭവിച്ചറിഞ്ഞു,
കള്ളിയെന്നും കാപട്യവതിയെന്നും
അവര്‍ എന്നെ വിളിച്ചു,
ഇതിന്നായിരുന്നോ
നീയെന്നില്‍ പേരാല്‍ച്ചെടി
യെന്നപോലെ മുളച്ചത്?
എന്നെ നിരന്തരം നിന്റെ
നിലാവില്‍ കുളിപ്പിച്ചത്?
അസത്യ വചനങ്ങള്‍ ഉതിര്‍ക്കുന്നവരെ
ശിക്ഷിക്കാതെ വിടുന്ന നീ,
എന്നെ രക്ഷിക്കുവാന്‍
ഒരിക്കലും വരില്ലെന്നോ?



0 comments:

Post a Comment